പരിശുദ്ധാത്മ സ്നാനം
PDF link: https://drive.google.com/file/d/1TfCgsnOSTho6Mi3IQVYDnPB-4FFyLsKh/view?usp=sharing
_________________________________________________________________________________________________________________
ബൈബിളിൽ പരിശുദ്ധാത്മസ്നാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ
1. മത്തായി 3:10-12
2. മർക്കോസ് 1:8
3. ലൂക്കോസ് 3:16,17
4. അപ്പോസ്തല പ്രവർത്തികൾ 1:4,5
5. അപ്പോസ്തല പ്രവർത്തികൾ 11:16
6. 1 കൊരിന്ത്യർ 12:13
ചരിത്രസംഭവം: നിർവചനം ഒരിക്കൽ മാത്രം സംഭവിക്കുന്നതും മേലാൽ അവർത്തിക്കപ്പെടാത്തതുമായ സംഭവങ്ങളാണ് ചരിത്രസംഭവങ്ങൾ എന്നതുകൊണ്ട് എഴുത്തുകാരൻ അർത്ഥമാക്കുന്നത്. ഉദാ: കർത്താവായ യേശു ക്രിസ്തുവിന്റെ ജനനം ഒരു ചരിത്രസംഭവമായിരുന്നു. അത് ഒരിക്കൽ നടന്ന കാര്യമാണ്. അത് ആവർത്തിക്കപ്പെടുകയില്ല. |
മത്തായി 3:10-12 (മർക്കോസ് 1:8; ലൂക്കോസ് 3:16,17)
മത്തായി 3:10-12: “10ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. 11ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. 12വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.”
രണ്ടു തരം മനുഷ്യരെ നാം ഇവിടെ കാണുന്നുണ്ട്. നല്ല ഫലം കായ്ക്കുന്ന വൃക്ഷമുണ്ട്. നല്ല ഫലം കായ്ക്കാത്ത വൃക്ഷമുണ്ട്.
രണ്ടു സ്നാനത്തെക്കുറിച്ചു യോഹന്നാൻ സ്നാപകൻ സൂചിപ്പിക്കുന്നു.
തീയിൽ സ്നാനം:
· പതിർ കെടാത്ത തീയിൽ ഇട്ടുകളയും. ഇതാണ് തീയിലെ സ്നാനം. അവിശ്വാസികൾ അനുഭവിക്കുന്ന നിത്യന്യായവിധിയെ ആണ് തീയിലെ സ്നാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
· എപ്പോഴാണ് തീയിലെ സ്നാനം നടക്കുന്നത്? അന്ത്യന്യായവിധിയുടെ സമയത്തു.
· തീയിലെ സ്നാനത്തിൽ ആരൊക്കെ പങ്കുകാരാകും? നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം. കള എല്ലാം. അതിൽ യുഗ വ്യത്യാസം ഇല്ല. പഴയ നിയമ പാപികൾക്ക് വേറെ തീയിലെ സ്നാനം അങ്ങനെയൊന്നു ഇല്ല. എല്ലാ ദുഷ്ടന്മാരും അന്ത്യന്യായവിധിക്കു പാത്രമാകും.
പരിശുദ്ധാത്മ സ്നാനം:
· എന്താണ് പരിശുദ്ധാത്മസ്നാനം? കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതു.
· എപ്പോഴാണ് പരിശുദ്ധാത്മ സ്നാനം നടന്നത്? പെന്തെക്കോസ്തു നാളിൽ (അപ്പോസ്തല പ്രവർത്തികൾ 1:4,5)
· പരിശുദ്ധാത്മ സ്നാനത്തിൽ ആർക്കൊക്കെ പങ്കുണ്ട്? നല്ല വൃക്ഷങ്ങൾക്കെല്ലാം. തീയിലെ സ്നാനത്തിൽ യുഗവ്യത്യാസമില്ലാതെ എല്ലാ അവിശ്വാസികൾക്കും പങ്കുണ്ടെങ്കിൽ പരിശുദ്ധാത്മസ്നാനത്തിലും യുഗവ്യത്യാസം ഇല്ലാതെ എല്ലാ വിശ്വാസികൾക്കും (കോതമ്പു) പങ്കുണ്ട്.
അപ്പോസ്തല പ്രവർത്തികൾ 1:4,5
അപ്പോസ്തല പ്രവർത്തികൾ 1:4,5: “4അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; 5യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.”
· പരിശുദ്ധാത്മസ്നാനം പിതാവിന്റെ വാഗ്‌ദത്തമാണ്.
· പരിശുദ്ധാത്മസ്നാനം യെരൂശലേമിൽ നടക്കേണ്ട ചരിത്രസംഭവമായിരുന്നു.
· യേശു മരിച്ചു ഉയിർത്തെഴുന്നേറ്റു എറിയനാൾ കഴിയും മുമ്പേ അത് സംഭവിക്കണമായിരുന്നു.
· കർത്താവായ യേശു ക്രിസ്തു പറഞ്ഞതുപോലെ ഏറിയ നാൾ കഴിയും മുമ്പേ യെരൂശലേമിൽ അത് നിവൃത്തിയായി (അപ്പോസ്തല പ്രവർത്തികൾ 2).
അപ്പോസ്തല പ്രവർത്തികൾ 11:16
അപ്പോസ്തല പ്രവർത്തികൾ 11:16: “15ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. 16അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.”
ജാതികളുടെ മേൽ പരിശുദ്ധാത്മാവ് വന്നു എന്ന് നാം വായിക്കുന്നു. എന്നാൽ ഇത് പരിശുദ്ധാത്മ സ്നാനമായിരുന്നോ? അല്ല എന്നുവേണം മനസ്സിലാക്കുവാൻ.
“ആദിയിൽ നമ്മുടെമേൽ എന്നപോലെ”
· പരിശുദ്ധാത്മസ്നാനത്തിന്റെ ആവർത്തനമാണ് ഇതെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ടു പരിശുദ്ധാത്മസ്നാനം രണ്ടു പ്രാവശ്യമെങ്കിലും നടന്നിട്ടുണ്ട് എന്ന് ചിലർ പഠിപ്പിക്കുന്നു. അത് തെറ്റാണ്. ചില കാര്യങ്ങൾ നാം മനസ്സിലാക്കണം:
· പരിശുദ്ധാത്മസ്നാനം യെരൂശലേമിൽ നടക്കേണ്ടതായിരുന്നു എന്ന് യേശുക്രിസ്തു പറഞ്ഞു (അപ്പോസ്തല പ്രവർത്തികൾ 1:4,5). അത് ശമര്യയിൽ നടക്കുമെന്നോ കൊർന്നെല്യൊസിന്റെ ഭവനത്തിൽ നടക്കുമെന്നോ അല്ല കർത്താവ് പറഞ്ഞത്.
· പെന്തെക്കോസ്തുനാളിൽ പരിശുദ്ധാത്മസ്നാനം നടന്നപ്പോൾ അവർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു എന്നാണ് നാം വായിക്കുന്നത് (അപ്പോസ്തല പ്രവർത്തികൾ 2:4). അതുപോലെ അപ്പോസ്തല പ്രവർത്തികൾ 11-ലും അവർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു എന്ന് നാം മനസ്സിലാക്കിയാൽ മതി.
· പരിശുദ്ധാത്മ സ്നാനം നടന്നപ്പോൾ മനുഷ്യർ ആത്മാവിനാൽ നിറഞ്ഞു എന്നതുകൊണ്ട് അതുപോലെ ആത്മാവിനാൽ നിറയുന്ന സമയങ്ങളിൽ എല്ലാം പരിശുദ്ധാത്മസ്നാനം നടക്കുന്നു എന്ന് പറയുന്നത് വചനപരമായി ശരിയല്ല.
“കർത്താവു പറഞ്ഞ വാക്കു ഓർത്തു”
· അപ്പോസ്തല പ്രവർത്തികൾ 11-ൽ പരിശുദ്ധാത്മാവ് വന്നപ്പോൾ ശിഷ്യന്മാർ കർത്താവു പറഞ്ഞ വാക്കു ഓർത്തു എന്നതുകൊണ്ട് അവിടെ നടന്നത് പരിശുദ്ധാത്മസ്നാനമാണെന്നു പലരും വാദിക്കാറുണ്ട്. എന്നാൽ അത് തെറ്റാണ്.
· അപ്പോസ്തല പ്രവർത്തികൾ 1:4,5-ൽ കർത്താവ് പറഞ്ഞ വാക്കിനെയാണ് ശിഷ്യന്മാർ ഓർത്തത്.
· ആ വാക്കു എന്തായിരുന്നു? പരിശുദ്ധാത്മസ്നാനം പിതാവിന്റെ വാഗ്‌ദത്തമാണെന്നും അത് യെരൂശലേമിൽ നടക്കേണ്ടതായിരുന്നുവെന്നും, ഏറിയ നാൾ കഴിയും മുമ്പേ അത് സംഭവിക്കണമായിരുന്നു എന്നും യേശു ക്രിസ്തു പറഞ്ഞു. ആ വാക്കാണ് ക്രിസ്തു ശിഷ്യന്മാർ ഓർത്തത്.
· ഓർക്കുമ്പോൾ എല്ലാം നിവൃത്തിയാണ് നടക്കുന്നതെന്ന് നാം തെറ്റിദ്ധരിക്കരുത്. അത് ഗുരുതരമായ വീഴ്ചയിലേക്ക് നമ്മെ നയിക്കും. അപ്പം മുറിക്കുമ്പോൾ കർത്താവിന്റെ മരണത്തെ നാം "ഓർക്കുകയാണ്" ചെയ്യുന്നത്. എന്നാൽ ഓരോ പ്രാവശ്യം അപ്പം മുറിക്കുമ്പോൾ കർത്താവ് മരണപ്പെടുന്നുണ്ടോ? ഇല്ലേയില്ല.
കർത്താവ് തന്റെ ശിഷ്യന്മാരെ ഓർമിപ്പിച്ചതിന്റെ ഉദ്ദേശ്യം:
· ശമര്യരോടുള്ള ബന്ധത്തിലും (അപ്പൊ. പ്രവൃത്തി 8:16) പുറജാതിക്കാരനായ കൊർന്നെല്യൊസിനോടുള്ള ബന്ധത്തിലും (അപ്പൊ. പ്രവൃത്തി 10, 11) യോഹന്നാൻ സ്നാപകന്റെ ചില ശിഷ്യന്മാരോടുള്ള ബന്ധത്തിലും (അപ്പൊ. പ്രവൃത്തി 19) അടയാളങ്ങളോടു കൂടിയ ആത്മപ്പകർച്ച സംഭവിക്കുന്നതായി കാണുന്നു.
· അതൊരിക്കലും പരിശുദ്ധാത്മ സ്നാനം ആയിരുന്നില്ല. അവരുടെ മേൽ ചില അടയാളങ്ങളോടെ പരിശുദ്ധാത്മാവ് വന്നു എന്ന് മാത്രം.
· അപ്പോസ്തല പ്രവർത്തികൾ 2-ൽ പരിശുദ്ധാത്മ സ്നാനം നടന്ന സമയത്തു കണ്ട ചില അടയാളങ്ങൾ വിശ്വസിച്ച ജാതികളുടെ മേൽ പരിശുദ്ധാത്മാവ് വന്നപ്പോൾ ശിഷ്യന്മാർ കണ്ടു.
· ശമര്യരെയും മറ്റു ജാതിക്കാരെയും ദൈവജനത്തിലേക്കു ചേർത്തുകൊള്ളുവാൻ ദൈവത്തിനു പ്രസാദമായി എന്ന് യെഹൂദന്മാരായ വിശ്വാസികളെ മനസ്സിലാക്കിപ്പിക്കുവാൻ ദൈവം കാണിച്ച അടയാളം ആയിരുന്നു അത്. "ഈ അടയാളങ്ങൾ കണ്ടപ്പോൾ അവർ പരിശുദ്ധാത്മ സ്നാനം ലഭിക്കും എന്ന കർത്താവിന്റെ വാക്ക് ഓർത്തു" (അപ്പോസ്തല പ്രവർത്തി 11:16).
· ജാതികളിൽ നിന്നും രക്ഷിക്കപ്പെട്ടവർക്കു പെന്തെക്കോസ്തുനാളിൽ നടന്ന ആ ആത്മസ്നാനത്തിൽ പങ്കുണ്ടെന്നു ദൈവം തന്റെ ശിഷ്യന്മാരെ ഓർമിപ്പിച്ചു എന്നുവേണം മനസ്സിലാക്കുവാൻ.
1 കൊരിന്ത്യർ 12:13
1 കൊരിന്ത്യർ 12:13: “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.”
· ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണ്. പരിശുദ്ധാത്മസ്നാനത്താലാണ് വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകുന്നത്. ഒരുവൻ ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പെന്തെക്കോസ്തുനാളിൽ സംഭവിച്ച ആ പരിശുദ്ധാത്മസ്നാനത്തിൽ പങ്കാളികളാകുന്നു എന്ന് നമുക്ക് മനസ്സിലാക്കാം,
· യേശു ഒരിക്കൽ മരിച്ചു. ക്രിസ്തുവിന്റെ ക്രൂശിൽ നമ്മുടെ പാപം മോചിക്കപ്പെട്ടു. വിശ്വസിക്കുമ്പോൾ നാം പാപമോചനം അനുഭവിക്കുന്നു. നാം വിശ്വസിക്കുമ്പോൾ യേശു ക്രൂശിൽ മരിക്കുകയല്ല ചെയ്യുന്നത്.
· അതുപോലെ, നാം വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മസ്നാനം നടക്കുകയല്ല ചെയ്യുന്നത്. ഒരിക്കൽ നടന്നുകഴിഞ്ഞ പരിശുദ്ധാത്മസ്നാനത്തിൽ പങ്കുകാരാവുകയാണ് ചെയ്യുന്നത്. ആ പരിശുദ്ധാത്മസ്നാനത്തിൽ നാം പങ്കുകാരായി ക്രിസ്തുവിന്റെ ശരീരത്തോട് ചേരുന്നു.
യേശുവിന്റെ ക്രൂശു മരണവും പരിശുദ്ധാത്മസ്നാനവും
യേശുവിന്റെ ക്രൂശിലെ മരണം മുൻകാലപ്രാപല്യം ഉള്ളതാണ്. യേശു ഓരോരുത്തർക്കും വേണ്ടി ഓരോ പ്രാവശ്യം വന്നു മരിക്കുകയില്ല. അവൻ ഒരിക്കൽ വന്നു പാപത്തിനു പ്രായശ്ചിത്തം വരുത്തി. യേശു മരിച്ചപ്പോൾ ജനിച്ചിട്ടില്ലാത്ത നമുക്കും അവൻ പ്രായശ്ചിത്തം ഒരുക്കി. നാം വിശ്വാസത്തിലൂടെ അതിൽ പങ്കുകാരാണ്.
യേശുവിന്റെ മരണംപോലെത്തന്നെ ചരിത്രസംഭവമാണ് പരിശുദ്ധാത്മാവിന്റെ സ്നാനവും. അത് ഒരിക്കൽ നിറവേറിയ സംഭവമാണ്. കർത്താവിന്റെ മരണം യെരുശലേമിൽ സംഭവിക്കണമായിരുന്നു. പരിശുദ്ധാത്മസ്നാനവും അങ്ങനെതന്നെ.
അപ്പോസ്തല പ്രവർത്തികൾ 1:4,5: “4അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; 5യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.”
പരിശുദ്ധാത്മസ്നാനം പിതാവിന്റെ വാഗ്‌ദത്തമാണ്. അത് യേശു മരിച്ചു ഉയിർത്തെഴുന്നേറ്റു എറിയനാൾ കഴിയും മുമ്പേ സംഭവിക്കണമായിരുന്നു.
അപ്പോസ്തല പ്രവർത്തികൾ 2:33: “അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,”
യേശു ക്രിസ്തു സ്വർഗാരോഹണം ചെയ്തു പരിശുദ്ധാത്മാവെന്ന വാഗ്‌ദത്തം പിതാവിനോട് വാങ്ങി. പകർന്നു തന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മസ്നാനം ഒരിക്കൽ നിറവേറിയ ചരിത്രസംഭവമാണെന്നു പറയുന്നത്.
പരിശുദ്ധാത്മാവിന്റെ സ്നാനം ഒരിക്കൽ ചരിത്രത്തിൽ സംഭവിച്ച കാര്യമാണ്. അതിൽ അതിനുശേഷം ജീവിച്ച വ്യക്തികൾക്കും അതിനു മുമ്പ് ജീവിച്ച വ്യക്തികൾക്കും പങ്കുണ്ട്. യേശുവിന്റെ മരണ പുനരുത്ഥാനം പോലെ തന്നെ.
യോഹന്നാൻ 7:37-39
യോഹന്നാൻ 7:37-39: “37ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. 38എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. 39അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.”
പഴയ നിയമ വിശ്വാസികളിൽ പരിശുദ്ധാത്മനിവാസം ഉണ്ടായിരുന്നില്ല എന്ന് കാണിക്കുവാൻ ചിലർ ഉപയോഗിക്കുന്ന വാക്യമാണിത്. എന്നാൽ അവരുടെ വ്യാഖ്യാനം തെറ്റാണ്.
· പെന്തെക്കോസ്തു നാളിൽ നടക്കേണ്ട പരിശുദ്ധാത്മസ്നാത്തെകുറിച്ചാണ് യോഹന്നാൻ 7:38,39-ൽ പറഞ്ഞിരിക്കുന്നത്. അതൊരു ചരിത്ര സംഭവമായിരുന്നു.
· “യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു" എന്ന പ്രയോഗം ശ്രദ്ധേയമാണ്. യേശുക്രിസ്തുവിന്റെ ക്രൂശുമരണവും, പുനരുത്ഥാനവുമെല്ലാം ചരിത്രസംഭവങ്ങളും (ഒരിക്കൽ സംഭവിക്കേണ്ട കാര്യങ്ങൾ), എല്ലാ കാലത്തെ വിശ്വാസികൾക്ക് വേണ്ടിയുള്ളതുമായിരുന്നു. ആ ചരിത്ര സംഭവങ്ങളോടുകൂടെ പരിശുദ്ധാത്മസ്നാനത്തെയും യോഹന്നാൻ ബന്ധിപ്പിച്ചിരിക്കുന്നു. പരിശുദ്ധാത്മസ്നാനത്തിലും എല്ലാ കാലത്തെ വിശ്വാസികൾക്കും പങ്കുണ്ട്.
യോഹന്നാൻ 14:16
യോഹന്നാൻ 14:16: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.”
പഴയ നിയമ കാലഘട്ടത്തിൽ പരിശുദ്ധാത്മ വാസം സുസ്ഥിരമായിരുന്നില്ല എന്നും പരിശുദ്ധാത്മാവ് വിശ്വാസികളുടെ മേൽ വന്നും പോയ്‌കൊണ്ടുമിരുന്നു എന്നും പഠിപ്പിക്കുവാൻ ചിലർ ഉപയോഗിക്കുന്ന വാക്യമാണിത്. എന്നാൽ അവരുടെ വ്യാഖ്യാനം തെറ്റാണ്.
· പെന്തെക്കോസ്തു നാളിൽ നടക്കേണ്ട പരിശുദ്ധാത്മസ്നാത്തെകുറിച്ചാണ് യോഹന്നാൻ 14:16-ൽ പറഞ്ഞിരിക്കുന്നത്.
· എന്നേക്കുമുള്ള പാപമോചനത്തിനുവേണ്ടിയാണ് കർത്താവ് ക്രൂശിൽ മരിച്ചത്. എന്നേക്കുമുള്ള വാസത്തിനു വേണ്ടിയാണ് പരിശുദ്ധാത്മസ്നാനം നടന്നത്.
· ക്രിസ്തുവിന്റെ ക്രൂശിലെ മരണത്താൽ വീണ്ടെടുക്കപ്പെട്ടവർ എല്ലാവരും ആ പരിശുദ്ധാത്മസ്നാനത്താൽ ഒരു ശരീരമാക്കപ്പെട്ടു.
· അതുകൊണ്ടു എന്നേക്കുമുള്ള വീണ്ടെടുപ്പിൽ പഴയ നിയമ വിശുദ്ധന്മാർക്ക് പങ്കുള്ളതുപോലെ എന്നേക്കുമുള്ള പരിശുദ്ധാത്മവാസം പഴയ നിയമ വിശുദ്ധന്മാർ അനുഭവിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കുവാൻ.
പാപികളെ രക്ഷിക്കുവാൻ യേശുക്രിസ്തു ഒരിക്കൽ മനുഷ്യനായി വന്നു. ആ രക്ഷിക്കപ്പെട്ട മനുഷ്യരുടെ ഉള്ളിൽ എന്നേക്കുമായി വാസം ചെയ്യുവാനും, അവരെ ഒരു ശരീരമാക്കി തീർക്കുവാനും പരിശുദ്ധാത്മാവും ഒരിക്കൽ ഇറങ്ങിവന്നു. യേശു ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും വരവ് ചരിത്രസംഭവങ്ങളായിരുന്നു. അത് ആവർത്തിക്കപ്പെടുകയില്ല. അതിൽ എല്ലാ കാലത്തെ വിശുദ്ധന്മാർക്കും പങ്കുണ്ട്.
അനുബന്ധം: പഴയ നിയമത്തിൽ പരിശുദ്ധാത്മാവിന്റെ നിവാസം
റോമർ 8:7-11: “7ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല. 8ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. 9നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല. 10ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു. 11യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.”
· ദൈവത്തിന്റെ ആത്മാവ് ഇല്ലാത്തവർ ജഡസ്വഭാവമുള്ളവരാണ്. അവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴികയില്ല. എന്നാൽ വിശ്വാസികൾക്ക് ദൈവാത്മാവ് ഉണ്ടെന്നു പൗലോസ് പറയുന്നു.
· ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.
· ക്രിസ്തുവിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുവിനെ ഉയിർപ്പിച്ചവൻ തന്റെ ആത്മാവിനെകൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും:
· പഴയനിയമവിശുദ്ധന്മാർ ക്രിസ്തുവിനുള്ളവർ ആയിരുന്നു. അവർ ക്രിസ്തുവിന്റെ വകയായിരുന്നു. ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടവർ.
· പഴയനിയമവിശുദ്ധന്മാർ ജഡസ്വഭാവമുള്ളവർ ആയിരുന്നില്ല. ആത്മസ്വഭാവമുള്ളവർ ആയിരുന്നു. കാരണം ദൈവം പഴയനിയമവിശ്വാസികളിൽ പ്രസാദിച്ചു.
· യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു പഴയ നിയമ വിശുദ്ധന്മാരിൽ ഉള്ളതുകൊണ്ട് അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ് അവരുടെ മർത്യശരീരങ്ങളെ ജീവിപ്പിക്കും.
1 കൊരിന്ത്യർ 12:3: “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.”
· ദാവീദ് യേശുവിനെ കർത്താവ് എന്ന് പറയുന്നുണ്ട്. പരിശുദ്ധാത്മാവ് ഇല്ലാതെ അത് കഴിയുകയില്ല. അബ്രഹാം ക്രിസ്തുവിന്റെ നാൾ കാണുമെന്നു ആശിച്ചു.
ഗലാത്യർ 5:22,23: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.”
· പഴയ നിയമ വിശ്വാസികൾ ആത്മാവിന്റെ ഫലം ഉള്ളവരായിരുന്നു. ദൈവ സ്നേഹം തന്നെ ആത്മാവിന്റെ ഫലമാണല്ലോ.
യോഹന്നാൻ 3:5,10: “5അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല........10യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?”
· പഴയ നിയമ കാലഘട്ടത്തിലും പരിശുദ്ധാത്മാവാണ് വീണ്ടുജനനം നൽകിയത്.
· പഴയ നിയമ കാലഘട്ടത്തിൽ വീണ്ടുംജനനം ഉണ്ടായിരുന്നു. അവരും ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടവർ ആയിരുന്നു (മത്തായി 8:11; ലൂക്കോസ് 13:28).
· വീണ്ടും ജനനം കൂടാതെ ദൈവരാജ്യത്തിൽ കടപ്പാൻ കഴിയുകയില്ല.
പരിശുദ്ധാത്മാവ് വസിക്കാത്തവരായിരുന്നു പഴയ നിയമ വിശുദ്ധന്മാർ എങ്കിൽ അവർ ആത്മാവിന്റെ ഫലം പുറപ്പെടുവിച്ചിരുന്നോ? പഴയ നിയമ വിശ്വാസികൾ ആത്മഫലം ഇല്ലാത്തവർ ആയിരുന്നോ? ആത്മഫലം ഇല്ലാത്ത വിശ്വാസികൾ ഉണ്ടോ? അവരിൽ ആത്മഫലം ഉണ്ടായിരുന്നു എങ്കിൽ പരിശുദ്ധാത്മാവ് വസിക്കാതെ എങ്ങനെ ആ ഫലങ്ങൾ ലഭിക്കും? പഴയ നിയമ വിശുദ്ധന്മാരിൽ ആത്മഫലം വന്നും പോയ്‌കൊണ്ടുമിരുന്നോ? പരിശുദ്ധാത്മാവ് പഴയ നിയമ വിശ്വാസികളിൽ വസിച്ചിരുന്നില്ല എന്ന് പറയുന്ന യുഗവാദികൾക്കു പരിശുദ്ധാത്മാവിന്റെ പ്രവർത്തിയെക്കുറിച്ചു വലിയ ധാരണയൊന്നുമില്ല എന്നത് വ്യക്തമാണ്.
Comments
Post a Comment